തിരൂർ: കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ മലബാറിന്റെ ഇഷ്ട ട്രെയിനായ തൃശൂർ-കണ്ണൂർ-ഷൊർണൂർ പാസഞ്ചർ തിങ്കളാഴ്ച സർവിസ് പുനരാരംഭിക്കുന്നു. ദിനേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ട്രെയിന്റെ സർവിസ് പുനരാരംഭിക്കാൻ ദിവസങ്ങൾക്കുമുമ്പാണ് റെയിൽവേയുടെ പച്ചക്കൊടി ലഭിച്ചത്.
തൃശൂരിൽനിന്ന് രാവിലെ 6.35ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 12.05ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് വൈകീട്ട് 3.10ന് മടങ്ങുന്ന ട്രെയിൻ രാത്രി 8.10ന് ഷൊർണൂർ ജങ്ഷനിലെത്തി സർവിസ് അവസാനിപ്പിക്കും. നേരത്തെയുണ്ടായിരുന്ന സമയക്രമത്തിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ട്രെയിന് വലുതും ചെറുതുമായ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
കോവിഡ് ഭീഷണിക്കുശേഷം പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകൾ റദ്ദാക്കിയതും സർവിസ് സമയമാറ്റവും മലബാറിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ട്രെയിൻ പുനരാരംഭിക്കുമ്പോഴും യാത്രക്കാരെ പ്രയാസത്തിലാക്കുന്നത് പാസഞ്ചർ ട്രെയിനുകളിൽ ഈടാക്കുന്ന എക്സ്പ്രസ് ട്രെയിൻ നിരക്കാണ്. നിരക്ക് പാസഞ്ചർ ട്രെയിനിന്റേതാക്കി പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.