എടക്കര: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാടിന്റെ മക്കള്‍ക്ക് അനുഗ്രഹമായി പുതിയ രണ്ട് പുതിയ പോളിങ് ബൂത്തുകള്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി വാണിയംപുഴയിലും വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലിയിലുമാണ് പുതിയ രണ്ട് പോളിങ് ബൂത്തുകള്‍ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുള്ളത്. മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ കോളനികളിലെ 237 വോട്ടര്‍മാര്‍ക്കും വഴിക്കടവ് വനത്തില്‍ സ്ഥിതി ചെയ്യുന്ന പുഞ്ചക്കെല്ലി, അളക്കല്‍ കോളനികളിലെ 230 വോട്ടര്‍മാര്‍ക്കും പുതിയ പോളിങ് ബൂത്തുകള്‍ അനുഗ്രഹമായി മാറിയിരിക്കുകയാണ്. അളക്കല്‍ കോളനിയില്‍ നിന്നും പതിനാല് കിലോമീറ്ററും, പുഞ്ചക്കൊല്ലി കോളനിയില്‍ നിന്നും എട്ട് കിലോമീറും വനപാത താണ്ടിയായിരുന്നു മുന്‍കാലങ്ങളില്‍ ആദിവാസികള്‍ വഴിക്കടവിലെ പോളിങ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നത്. മുണ്ടേരിയിലെ നാല് കോളനിക്കാരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
ഭൂദാനം ശാന്തിഗ്രാം വായനശാലയിലെ പോളിങ് ബൂത്തിലെത്താന്‍ ഇവര്‍ക്ക് വനപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച ശേഷം പന്ത്രണ്ട് കിലോമീറ്ററോളം വാഹനത്തില്‍ ചുറ്റിക്കറങ്ങി വേണമായിരുന്നു ബൂത്തിലെത്താന്‍.
ആനശല്യം രൂക്ഷമായ വനപാതകളിലൂടെ ദുരിതപൂര്‍ണമായ യാത്രയാണ് സമ്മതിദനാവകാശം വിനിയോഗിക്കാന്‍ ഇക്കാലമത്രയും ഇവര്‍ നടത്തിയിരുന്നത്. 2019ലെ പ്രളയത്തില്‍ ചാലിയാര്‍ പുഴക്ക് കുറുകെ ഇരുട്ടുകുത്തി കടവില്‍ ഉണ്ടയിരുന്ന നടപ്പാലവും, പുന്നപ്പുഴക്ക് കുറുകെ പുഞ്ചക്കൊല്ലിയിലുണ്ടായിരുന്ന പാലവും തകര്‍ന്നതോടെ ആദിവാസികളുടെ ദൈനംദിന ജീവിതംപോലും ദുസ്സഹമായി. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വാങ്ങണമെങ്കില്‍ ഇവര്‍ക്ക് ദുര്‍ഘട വനപാതയും, കുത്തിയെലിക്കുന്ന പുഴകളും താണ്ടണം.
എന്നാല്‍ ഇത്തവണ കോളനികളില്‍ത്തന്നെ പോളിങ് ബൂത്തുകള്‍ അനുവദിച്ച നടപടി ഇവര്‍ക്ക് അനുഗ്രഹമായി മറിയിരിക്കുകയാണ്. വാണിയംപുഴ ഫോറസ്റ്റ് ഒഫീസില്‍ ഒരുക്കിയ പോളിങ് ബൂത്തില്‍ 121 സ്ത്രീകളും 116 പുരഷന്മാരുമടക്കം 237 വോട്ടര്‍മാരാണുള്ളത്. പുഞ്ചക്കൊല്ലി പ്രീ സ്കൂളില്‍ ഒരുക്കിയിട്ടുള്ള ബൂത്തില്‍ 113 സ്ത്രീകളും 117 പുരുഷന്മാരുമടക്കം 230 വോട്ടര്‍മാരാണുള്ളത്.