മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി സമയത്തും പോസ്റ്റ്മോർട്ടം നടത്താൻ സൗകര്യം ഒരുങ്ങുന്നു. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിച്ചു. ഫോറൻസിക് വിഭാഗത്തിലേക്ക് നാല് നഴ്സിങ് അസിസ്റ്റന്റിന്റെ നിയമനമാണ് പൂർത്തിയായത്. രാത്രികാല പോസ്റ്റ്മോർട്ടത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നെങ്കിലും മെഡിക്കൽ കോളജിൽ ഇത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് പ്രതിസന്ധി തീർത്തത്. വകുപ്പിലേക്ക് നാല് ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് രണ്ട് സീനിയർ റെസിഡന്റുമാരെയും മഞ്ചേരിയിലേക്ക് എത്തിക്കാനും തീരുമാനിച്ചു.
ഡോക്ടർമാരെയും നഴ്സിങ് അസിസ്റ്റന്റിനെയും നിയമിക്കുന്നതോടെ ഫോറൻസിക് വിഭാഗത്തിൽ 21 ജീവനക്കാരാകും. ഡോക്ടർമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും നഴ്സിങ് അസിസ്റ്റന്റുമാരെ ഹെൽത്ത് സർവിസ് വിഭാഗവുമാണ് നിയമിക്കുക. നിയമനം പൂർത്തിയായാൽ പകലും രാത്രിയും പോസ്റ്റ്മോർട്ടത്തിന് തടസ്സമുണ്ടാകില്ല.
നിലവിൽ അഞ്ച് ഡോക്ടർമാരും നാല് നഴ്സിങ് അസിസ്റ്റന്റും ഗ്രേഡ് രണ്ടിൽ നാല് ജീവനക്കാരുമാണുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 19ഉം തിരുവനന്തപുരം മെഡിക്കൽ കോളജിൽ 13ഉം ഡോക്ടർമാർ ഈ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് മഞ്ചേരിയിൽ ജീവനക്കാരുടെ കുറവ്. നിയമനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും.
സാധാരണ ഗതിയിൽ വൈകീട്ട് മൃതദേഹം ആശുപത്രിയിലേക്ക് എത്തിച്ചാൽ ഫ്രീസറിലേക്ക് മാറ്റി പിറ്റേന്ന് രാവിലെയാണ് പോസ്റ്റ് മോർട്ടം ചെയ്യുക. ഇത് മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. രാത്രി പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതോടെ മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്വാസമാകും.