മലപ്പുറം : കാൽനൂറ്റാണ്ട് ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദ് (55) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഉക്കടയിൽ നിന്ന് മലപ്പുറം പോലീസാണ് പിടികൂടിയത്. വ്യത്യസ്ത പേരുകളിലായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് 25 വർഷമായി ഒളിവിൽ കഴിഞ്ഞത്. ഇയാൾക്കെതിരേ ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശ്ശൂർ ജില്ലകളിലുമായി പതിനഞ്ച് കേസുകളുണ്ട്.
പിടികിട്ടാപ്പുള്ളികളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്റെ നിർദേശപ്രകാരം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസും പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്.ഐ. എം. ഗിരീഷ്, പി. സഞ്ജീവ്, ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.പി. ഹമീദലി, ജസീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.