മലപ്പുറം: മലപ്പുറത്തെ ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം നീളുന്നത് ഗുരുതര സൈബർ കുറ്റകൃത്യങ്ങളിലേക്ക്. പുതുതായി സിം വാങ്ങുന്നവരുടെ ബയോമെട്രിക്ക് വിവരങ്ങൾ കൈവശപ്പെടുത്തി സിം വാങ്ങിയ ശേഷം നമ്പർ തട്ടിപ്പു സംഘങ്ങൾക്ക് കൈമാറുകയായിരുന്നു പിടിയിലായ അബ്ദുൾ റോഷന്റെ രീതി. ചില വ്യക്തികളുടെ പേരിൽ 40ഉം 50ഉം സിംകാർഡുകളാണ് ഇയാൾ കൈവശപ്പെടുത്തിയത്.
കർണാടക സ്വദേശിയായ യുവതിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി 8 ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ വെട്ടിച്ചത്. പക്ഷേ യുവതിക്ക് തന്റെ പേരിൽ ഇങ്ങനെയൊരു സിം ഉള്ളതായി അറിയില്ല.സിം കാർഡിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കർണാടകയിലെ മടിക്കേരിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അബ്ദുൾ റോഷൻ 40000 സിം കാർഡുകളുമായി പിടിയിലായത്. ഇതിൽ വേങ്ങരയിലെ കേസിൽ പൊലിസ് സംശയിച്ചു യുവതിയുടെ പേരിൽ മാത്രമുള്ളത് 40 സിമ്മുകൾ.
പ്രമുഖ ടെലികോം കമ്പനിയുടെ സിം വിതരണക്കാരനാണ് റോഷൻ. സിം കാർഡ് വാങ്ങാനായി കടയിൽ എത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. വിരലടയാളം കൃത്യമായി പതിഞ്ഞില്ലെന്നു പറഞ്ഞു ഒന്നിൽ കൂടുതൽ തവണ ബയോമേട്രിക് രേഖകൾ എടുക്കുകയും അത് ഉപയോഗിച്ച് ഉപഭോക്താവ് അറിയാതെ സിം കാർഡ് നിർമ്മിക്കുകയും ആയിരുന്നു രീതി. പരിചയമുള്ള മറ്റ് കടകളിലും സമാന തട്ടിപ്പ് നടത്തി. സഹായിച്ചവർക്ക് ഒരു സിമ്മിന് 50 രൂപ വീതം പ്രതിഫലം നൽകി.
സിം കാർഡ് ആക്ടീവായാൽ നമ്പർ മാത്രം വിവിധ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ ആ നമ്പറുകൾ ഉപയോഗിച്ച് നിർമ്മിക്കും. ഇതെല്ലാം ആക്റ്റീവ് ആവാൻ വേണ്ട ഒടിപികൾ പ്രതി തന്നെ അതാത് സമയം തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയിരുന്നു. അതിനായി ഉപയോഗിച്ച 160ഓളാം ചൈനീസ് ഫോണുകളും പോലീസ് കണ്ടെടുത്തു.
ഒരു സിം ഉപയോഗിക്കുക പരമാവധി മൂന്നുമാസം. പൊലീസ് പിടിച്ച 40000 ത്തോളം സിംകാർഡുകളും തട്ടിപ്പ് കാലാവധി കഴിഞ്ഞത്. ശേഷം പുതിയ ഇരകൾ. പുതിയ നമ്പറുകൾ. ഇത്രയധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി റോഷൻ നിർമ്മിച്ച സിംകാർഡുകൾ സാമ്പത്തിക തട്ടിപ്പിന് മാത്രമാണോ ഉപയോഗിച്ചത് എന്നത്തിലാണ് ഇനി വ്യക്തത വരേണ്ടത്. കേരള പൊലിസിന്റെ അന്വേഷണം ഇവിടെ ഒതുങ്ങുന്ന സാഹചര്യത്തിൽ മറ്റു ഏജൻസികളെ കൂടി ഉൾപ്പെടുത്തിയാലേ തട്ടിപ്പിന്റെ ആഴം പുറത്തു വരികയുള്ളൂ.