പാലക്കാട് : വിദേശവിപണിയിൽ കോടികൾ വിലമതിക്കുന്ന, നാലേകാൽക്കിലോഗ്രാമുള്ള വമ്പൻ ഇരുതലമൂരിയുമായി യുവാവ് പിടിയിൽ. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽസ്വദേശി എച്ച്. ഹബീബിനെയാണ് (35) പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. ആന്ധ്രാപ്രദേശിൽനിന്ന് മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്ന ഇരുതലമൂരിക്ക് 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽമീറ്ററോളം നീളവുമുണ്ട്. രാജ്യത്ത് കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പംകൂടിയതാണിതെന്ന് അധികൃതർ പറഞ്ഞു. തീവണ്ടിമാർഗം അനധികൃതമായി വന്യജീവികളെ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് തീവണ്ടിയിലെ എസ്-5 കോച്ചിൽ പരിശോധന നടത്തിയത്. ബാഗിനുള്ളിലെ തുണിസഞ്ചിയിൽ ആർ.പി.എഫ്. ഇരുതലമൂരിയെ കണ്ടെത്തിയതോടെ ഹബീബ് രക്ഷപ്പെടാൻ ശ്രമംനടത്തിയെങ്കിലും ആർ.പി.എഫ്. സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ആന്ധ്രയിൽനിന്ന് ഇരുതലമൂരിയെ മലപ്പുറത്ത് എത്തിച്ചശേഷം വിമാനമാർഗം വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് യുവാവ് വെളിപ്പെടുത്തിയതായി ആർ.പി.എഫ്. അധികൃതർ പറഞ്ഞു. ആർ.പി.എഫ്. ഐ.ജി. ബീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി.രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.ഐ. എൻ. കേശവദാസ്, എസ്.ഐ. എ.പി. ദീപക്, എ.എസ്.ഐ. സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, കോൺസ്റ്റബിൾ വി. സവിൻ എന്നിവരും പങ്കെടുത്തു.
മരുന്നിനും മന്ത്രത്തിനും
ഇരുതലമൂരിക്ക് ഇന്ത്യൻവിപണിയിൽ അത്ര വിലയില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിൽ കോടികളുടെ മൂല്യമുണ്ട്. മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിലും മന്ത്രവാദത്തിനും ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇരുതലമൂരിയെ കൈവശംവെക്കുന്നത് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്ന് ചില രാജ്യങ്ങളിൽ വിശ്വാസമുണ്ട്. വലിപ്പം, നിറം, ജനുസ്സ്, പ്രായം എന്നിവ കണക്കാക്കിയാണ് വിലനിർണയം. മൂന്നുലക്ഷംരൂപയ്ക്ക് ആന്ധ്രയിൽനിന്ന് വാങ്ങിയതാണ് പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ തീവണ്ടിയിൽനിന്ന് പിടികൂടിയ ഇരുതലമൂരിയെന്നാണ് അറസ്റ്റിലായ യുവാവ് നൽകിയ വിവരം. ഇത് വിദേശത്തെത്തിച്ചാൽ അഞ്ചുകോടിയിലേറെ രൂപയ്ക്ക് വാങ്ങാൻ ആളുണ്ടെന്നും പറയുന്നു.