മലപ്പുറം : രണ്ടു വര്‍ഷമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിപൊളിച്ച് കവര്‍ച്ച പതിവാക്കിയ യുവാവ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അണ്ടത്തോട് ചെറായിതോട്ടുങ്ങല്‍ ഷജീര്‍ (37) നെയാണ് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതേക അന്വേഷണസംഘം പിടികൂടിയത്. രണ്ടാഴ്ച മുമ്പ് മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുടേത് ഉള്‍പ്പെടെ നിരവധി വീടുകള്‍ അര്‍ദ്ധരാത്രിയില്‍ കുത്തിപൊളിച്ച് കളവു നടത്തിയ കേസിലെ പ്രതിയാണ് ഒടുവിൽ കുടുങ്ങിയത്.
വെള്ളില യു കെ പടിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇയാള്‍. 2007 മുതല്‍ കളവ് തൊഴിലാക്കിയ പ്രതി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കുറഞ്ഞ കാലയളവില്‍ വാടകക്ക് താമസിച്ച്, തൊട്ടടുത്തുള്ള ടൗണില്‍ ജോലിയെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യാറുള്ളത്. തുടർന്ന് കാറിലും ബൈക്കിലും കറങ്ങി ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അര്‍ദ്ധരാത്രിയില്‍ പ്രത്യേക ഉപകരണങ്ങളുമായി എത്തി കളവ് നടത്തുകയാണ് ഷജീറിന്റെ പതിവ് രീതി.
ഫെബ്രുവരി 12ന് മഞ്ചേരി മുള്ളമ്പാറ റോഡില്‍ മഞ്ചേരിയിലെ ജഡ്ജിയുടെ വാടക വീട്ടിലെ കളവും, ഫെബ്രുവരി 17 ന് വായപ്പാറപ്പടി മുരളീധരന്റെ വീട്ടില്‍ നടത്തിയ 15 ലക്ഷത്തോളം രൂപയുടെ കവര്‍ച്ചയും, കഴിഞ്ഞ ഡിസംബറില്‍ മഞ്ചേരി തുറക്കലിലുള്ള ഡോ. സുലൈഖ യുടെ വീട്ടില്‍ നടത്തിയ കളവും, കഴിഞ്ഞ ഓഗസ്റ്റില്‍ മഞ്ചേരി മലബാര്‍ ഹോസ്പിറ്റലിന് അടുത്തുള്ള പത്മാലയം വീട്ടില്‍ ശശിയുടെ വീട്ടില്‍ നടത്തിയ കളവും, കഴിഞ്ഞ വര്‍ഷം മഞ്ചേരി മേലാക്കം, കിഴക്കേ പുത്തന്‍ പുരക്കല്‍ രമേശന്റെ വീട്ടില്‍ നിന്ന് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും, 2020 ഒക്ടോബറില്‍, മങ്കട മണിയറയില്‍ വീട്ടില്‍ ജിന്‍ഷാദിന്റെ വീട്ടില്‍ നിന്ന് ഏഴര പവന്‍ കവര്‍ന്നതും, കടന്നമണ്ണ പള്ളിയാലില്‍ അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ നിന്ന് ഒരു പവന്‍ കവര്‍ന്ന കേസും ഉൾപ്പെടെ പോലീസിനെ വലച്ച പല കേസുകളിലും ഇയാൾ തന്നെയാണ് പ്രതി. ഇയാളിൽ നിന്ന് കാര്‍, മോട്ടോര്‍ സൈക്കിള്‍, 30 പവന്‍ സ്വര്‍ണഭരണങ്ങളും വെള്ളി ആഭരണങ്ങളും വാച്ചുകളും, ടാബ് തുടങ്ങിയ കളവു മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച കളവു മുതലുകളായ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, ക്യാമറ തുടങ്ങിയവ പെരിന്തല്‍മണ്ണയില്‍ ഉള്ള ഷോപ്പിലും വിൽപ്പന നടത്തിയാതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ വിവിധ കോടതികള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആളാണ് ഷജീർ. പ്രതിക്കെതിരെ വടക്കെക്കാട്, പെരുമ്പടപ്പ്, മങ്കട, പൊന്നാനി, ചാവക്കാട്, ആലുവ, ഗുരുവായൂര്‍ ടെമ്പില്‍ ,പെരുമ്പാവൂര്‍, എറണാകുളം നോര്‍ത്ത് തുടങ്ങിയ സ്റ്റേഷനുകളിലായി അമ്പതോളം കളവു കേസുകൾ നിലവിലുണ്ട്.