തിരുവനന്തപുരം : മലയാളഭാഷാ പഠനം വ്യക്തിത്വവികാസത്തിന്റെ ഭാഗമാക്കണമെന്ന് മന്ത്രി സജിചെറിയാന്‍. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചുവരുന്ന രണ്ടുദിവസത്തെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ദൗത്യം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കണം. മറ്റെല്ലാ ഭാഷാ പദങ്ങളെയും സ്വീകരിക്കുന്ന ഭാഷയാണ് മലയാളം. ലളിതമായ ഭാഷ പ്രയോഗിക്കണം. ഒരുനാട്ടിലെ ജനതയെ ഒരുമിപ്പിക്കാനുള്ള അടയാളമാണ് ഭാഷയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടന്ന ശില്പശാലയില്‍ അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സമീപനരേഖ അവതരിപ്പിച്ചു. കേരളസമൂഹത്തെ ജ്ഞാനസമൂഹമായി ഉയര്‍ത്തുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനപങ്കുവഹിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. ഭാഷയെ ജനകീയമാക്കണമെന്നും ഭാഷാവബോധം സംസ്കാരത്തിന്റെ ഭാഗമാണെന്ന് സമൂഹത്തിനെ പഠിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
ഡോ. ശ്രീവൃന്ദ നായര്‍ രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മനശ്ശാസ്ത്രം: സിദ്ധാന്തങ്ങളും പ്രയോഗങ്ങളും എന്ന പുസ്തകം മഹാരാജാസ് കോളജ് മലയാളം വിഭാഗം വകുപ്പധ്യക്ഷ ഡോ. സുമിജോയി ഓലിയപ്പുറത്തിനും ശ്രീകല ചിങ്ങോലി രചിച്ച അടയാളങ്ങള്‍ ഉള്ള വഴി എന്ന കവിതാസമാഹാരം അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എക്കും നല്‍കി മന്ത്രി പ്രകാശനം ചെയ്തു. അസി. ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ് സ്വാഗതവും വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ശില്പശാലാ ഡയറക്ടര്‍ കെ.കെ. കൃഷ്ണകുമാര്‍ സംസാരിച്ചു.സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5 .30ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.