ദില്ലി: എയർ ഇന്ത്യക്കെതിരെ പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതായാണ് പരാതി. 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ദില്ലിയില്‍ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തില്‍ യാത്രക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാര്‍ പറയുന്നു. വെബ് ചെക്ക് ഇന്‍ സംവിധാനം തകരാറിലായതിനാല്‍ പലരും വിമാനത്താവളത്തിലെത്തിയാണ് ചെക്ക് ഇന്‍ ചെയ്തത്. എന്നാല്‍, കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന കാരണം പറഞ്ഞ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ചു. അതേസമയം സംഭവത്തോട് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സമയം പുലര്‍ച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്. എന്നാല്‍ വിമാനം വീണ്ടും വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു. അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനം വൈകിയതോടെ ഏറെ ദുരിതത്തിലായി. വിമാനം വൈകാന്‍ കാരണം സാങ്കേതിക പ്രശ്നം ആണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.