അജ്മാൻ: ശമ്പള കുടിശ്ശിക ചോദിച്ചതിന്‍റെ പേരിൽ അജ്മാനിൽ മലയാളി ജീവനക്കാർക്ക് മർദനം. ആലപ്പുഴ സ്വദേശി രാഹുൽ ആന്‍റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കമ്പനി നടത്തിപ്പുകാരനായ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശിക്ക് എതിരെ പൊലീസിൽ പരാതി നൽകി. മർദനത്തിന്‍റെ വിഡിയോയും പുറത്തുവന്നു.
പത്തനംതിട്ട സ്വദേശിയുടെ സ്ഥാപനത്തിൽ എട്ട് മാസമായി ഇവർ ജോലി ചെയ്യുന്നു. എന്നാൽ, നാല് മാസമായി ശമ്പളം ലഭിച്ചിട്ട്. പലതവണ ശമ്പളം ചോദിച്ചിട്ടും നൽകിയില്ലെന്ന് ഇവർ ആരോപിക്കുന്നു. പാസ്പോർട്ടും പിടിച്ചുവെച്ചു. ഇതോടെ ലേബർ വകുപ്പിൽ പരാതി നൽകി. അവരുടെ നിർദേശാനുസരണം യുവാക്കൾ വിസ കാൻസൽ ചെയ്തു. ഇതോടെയാണ് താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത്. നിലവിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ അഭയം തേടിയിരിക്കുകയാണ് ഇവർ.
അതേസമയം, താൻ മർദിച്ചിട്ടില്ലെന്നും മറ്റൊരാളാണ് മർദിച്ചതെന്നും ഇയാളെ അറിയില്ലെന്നും കമ്പനി ഉടമ പറഞ്ഞു. നാല് മാസത്തെ ശമ്പള കുടിശ്ശിക ഇല്ല. ജോലിയിൽ വീഴ്ചവരുത്തിയത് കൊണ്ട് രണ്ട് മാസത്തെ ശമ്പളമാണ് നൽകാൻ ബാക്കിയുള്ളത്. ഇവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ നാട്ടിലെ തന്‍റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചു.