മംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും അനുവദിച്ചതായി അവർ അറിയിച്ചു.
പെൺകുട്ടികളെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. പെൺകുട്ടികൾക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പൊലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇയാളുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പെൺകുട്ടികൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പെൺകുട്ടിക്ക് 20 ശതമാനം പൊള്ളലേറ്റു. രണ്ടു പേർക്ക് 10 ശതമാനമാണ് പൊള്ളൽ. പരിക്കുകൾ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ. പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്. പെൺകുട്ടികളിൽ ഒരാൾ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.
യൂണിഫോം ധരിച്ച് ബൈക്കിൽ എത്തിയ അബിൻ ആക്രമിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെയാണ് ലക്ഷ്യമിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച അബിനെ, പെൺകുട്ടികളുടെ സഹപാഠികൾ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അബിനെ കസ്റ്റഡിയിലെടുത്തു.