മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ എൻസിപി തലവൻ ശരദ് പവാറിന്റെ കാലിൽ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ഉദ്ധവ് താക്കറെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ കാലിൽ വീണു. 2019ൽ ബിജെപിക്കൊപ്പം ഉദ്ധവ് താക്കറെ പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം വന്നതിന് ശേഷം എല്ലാ കരാറുകളും അദ്ദേഹം മറന്നുവെന്നും അമിത് ഷാ പറഞ്ഞു.
കോലാപൂരിൽ ‘വിജയ് സങ്കൽപ്’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. 2019ൽ ഉദ്ധവ് താക്കറെ ഞങ്ങളോടൊപ്പം പ്രചാരണം നടത്തി. ഫലം വന്നപ്പോൾ എല്ലാം മറന്ന് ശരദ് പവാറിന്റെ കാൽക്കൽ വീണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ ഇന്ന് ശിവസേന യാഥാർത്ഥ്യമായി. ബിജെപിക്ക് അധികാരത്തോട് അത്യാഗ്രഹമില്ല. ആശയങ്ങൾ ഒരിക്കലും കൈവിടില്ല. മഹാരാഷ്ട്രയുടെ താൽപ്പര്യമാണ് ബിജെപിയുടെ പരമപ്രധാനമെന്നും അമിത് ഷാ പറഞ്ഞു
വക്രബുദ്ധി ഉപയോഗിച്ച് രാഷ്ട്രീയവും അധികാരവും കുറച്ച് നേരത്തേക്ക് പിടിച്ചെടുക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ പോരാട്ടത്തിൽ ധൈര്യവും ധീരതയും ഫലങ്ങളും മാത്രമേ പ്രയോജനപ്പെടൂ. എന്നാൽ, ഉദ്ധവിന്റെ ശിവസേനക്ക് അതില്ലെന്നും അമിത് ഷാ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് മുൻ മുഖ്യമന്ത്രിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ‘വില്ലും അമ്പും’ ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ അമിത് ഷാ അഭിനന്ദിച്ചിരുന്നു.
അതിനിടെ അമിത് ഷായെ പരിഹസിച്ച് താക്കറെയും രംഗ്തതെത്തി. കോൺഗ്രസുമായും എൻസിപിയുമായും കൈകോർക്കാൻ തന്നെ പ്രേരിപ്പിച്ചത് ബിജെപിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഒരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ കോൺഗ്രസും എൻസിപിയും അധികാരം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നില്ല. ബിജെപി നൽകിയ വാക്കുപാലിച്ചിരുന്നെങ്കിൽ ശിവസേനയ്ക്കും ബിജെപിക്കും മുഖ്യമന്ത്രിമാരെ ലഭിക്കുമായിരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയ്‌ക്കെതിരായ ഇസി വിധിയുടെ പശ്ചാത്തലത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും കണ്ണുതുറക്കാനും ജാഗ്രത പാലിക്കാനും താക്കറെ ആവശ്യപ്പെട്ടു.