മലപ്പുറം> മനുഷ്യശരീരത്തിലെ അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള പഠനത്തെ സഹായിക്കുന്ന ഗവേഷണ പ്രബന്ധവുമായി മലയാളി വിദ്യാർഥി. ന്യൂസ്‌ലാൻഡിലെ ഓക്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഗവേഷണമികവിന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയ ജസ്‌ന അഷ്‌റഫാണ് ഈ മിടുക്കി. ഭാവിയിൽ അർബുദ രോഗ നിയന്ത്രണങ്ങൾക്കുള്ള പഠനത്തിൽ ജസ്‌നയുടെ റിപ്പോർട്ട് വഴികാട്ടിയാകും എന്നാണ് നിഗമനം.
പോളിമർ പദാർഥങ്ങളോടുള്ള അർബുദ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കും. ഗവേഷണത്തിനപ്പുറം മാനുഷിക പരിഗണനയും ഉൾക്കൊള്ളുന്നതാവണം പഠനവിഷയമെന്ന് ജസ്‌നയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഓക്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് 50 ലക്ഷംരൂപയുടെ സ്കോളർഷിപ്പ് നേടിയാണ് ജസ്‌ന ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രൊഫ. ജദ്രങ്ക ട്രവാസ്, പ്രൊഫ. ഡാവിസ് എഡ്വാർഡ് വില്യംസ് എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം. മെയ് നാലിന് നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് സ്വീകരിക്കും.
തൊടുപുഴ എൻജിനിയറിങ് കോളേജിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബി ടെക്കും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലാ ക്യാമ്പസിൽനിന്ന് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിൽ എം ടെക്കും നേടിയ ജസ്‌ന രണ്ടുവർഷം അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിലും ഖത്തർ യൂണിവേഴ്സിറ്റിയിലും കെമിക്കൽ എൻജിനിയറിങ് റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിച്ചു. 2018 ഡിസംബറിലാണ് ഗവേഷണ സ്കോളർഷിപ്പ് നേടി ന്യൂസിലാൻഡിൽ എത്തുന്നത്. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബാബുതോമസായിരുന്നു എംടെക് പഠനകാലത്തെ ഗൈഡ്. അദ്ദേഹത്തിന്റെ പിന്തുണയാണ് ഗവേഷണ മേഖലയിൽ മുന്നേറാൻ കരുത്തുപകർന്നതെന്ന് ജസ്‌ന പറഞ്ഞു.
കോഴിക്കോട് ബേപ്പൂർ അരക്കിണറിലെ ഇല്ലിക്കൽ അഷ്റഫിന്റെയും -ജമീലയുടെയും മകളാണ് ജസ്‌ന. ഭർത്താവ്: എടവണ്ണ പത്തപ്പിരിയം അമ്പാഴത്തിങ്ങൽ മുഹമ്മദ് നൈസാം. മക്കൾ: സാറ, നോറ.