ന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശിലെ സിയോണിയിൽ മലയാളി വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി റവ. പ്രസാദ് ദാസിനെയാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിഎസ്ഐ വൈദികനായ റവ. പ്രസാദ് ദാസ് 7 വർഷമായി സിയോണി ജില്ലയിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. തിരികെ നാട്ടിലേക്കു മാറാനിരിക്കെയാണ് അറസ്റ്റ്. ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്ന് ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സിയോണി സ്വദേശികളായ 2 പേരെ വീട്ടിലേക്കു വിളിച്ചുവരുത്തി മതം മാറാൻ പ്രേരിപ്പിച്ചെന്നും മതം മാറിയാൽ പ്രതിമാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്നാണു പരാതി. അതേസമയം, റവ. പ്രസാദ് ദാസിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും നിയമവിരുദ്ധമായി 24 മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നതായും അഭിഭാഷകൻ അൽജോ കെ.ജോസ് പറഞ്ഞു.
കള്ളക്കേസിൽ കുടുക്കിയതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക വ്യക്തമാക്കി. ചിദ്‍വാരയിൽ തമിഴ് പാസ്റ്ററെ അറസ്റ്റ് ചെയ്തതുൾപ്പെടെ മധ്യപ്രദേശിൽ മതപരിവർത്തന നിരോധന നിയമം പ്രയോഗിച്ചുള്ള പൊലീസ് നടപടി ഏറിവരികയാണ്.