തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടർമാരുൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 27 മലയാളികൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമാണ് കുടുങ്ങി കിടക്കുന്നത്. ഇന്ന് വൈകീട്ട് 4 മണിക്ക് തിരിച്ച് പുറപ്പെടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ദില്ലി കേരള ഹൗസ് അധികൃതരുമായി വിദ്യാർത്ഥികൾ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുകയാണെന്നും കെവി തോമസ് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി കഴിഞ്ഞ 18 അംഗ സംഘം യാത്ര പുറപ്പെട്ടത് ജൂൺ 27 നാണ്. ട്രയിൻ മാർഗം ആഗ്ര എത്തി അവിടെ നിന്ന് ദില്ലിയിലേക്കും ദില്ലിയിൽ നിന്ന് അമൃതസർ തുടർന്ന് മണാലി, സ്പിറ്റ് വാലിയിലേക്കും പോയിരുന്നു. ഘീർ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയിൽ കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു. ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുടുങ്ങിയത്. നിലവിൽ പ്രദേശത്ത് മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാൽ കസോളിൽ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ദില്ലിക്ക് പുറപ്പെടുമെന്നും തിരുവനന്തപുരം ലിയോ ട്രാവൽ ഏജൻസി അറിയിച്ചു.