ദമാം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതിനെ തുടർന്ന് സൗദിയിൽ ജയിൽമോചനം. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ എച്ച്ആൻഡ്സി കോംപൗണ്ടിൽ സക്കീർ ഹുസൈൻ 9 വർഷത്തെ ജയിൽ ശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങി. കോട്ടയം കോട്ടമുറിക്കൽ ചാലയിൽ തോമസ് മാത്യുവിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സക്കീർ ജയിലിലായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് സക്കീറിന്റെ മോചനത്തിനു വഴി തുറന്നത്. വ്യാഴാഴ്ച്ച ദമാമിൽ നിന്ന് സക്കീർ നാട്ടിലെത്തി.
ദമാമിൽ ലോൺട്രി ജീവനക്കാരായിരുന്ന സക്കീർ ഹുസൈനും തോമസ് മാത്യൂവും ഒരുമിച്ചായിരുന്നു താമസം. 2013 ലെ ഓണാഘോഷ പരിപാടിക്കിടെയാണ് കൊലപാതകം. തർക്കത്തിനിടെ അടുക്കളയിൽ നിന്നു കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്തുതന്നെ മരിച്ചു. വിചാരണയ്ക്കു ശേഷം 8 വർഷത്തെ തടവും ശേഷം വധശിക്ഷയുമാണ് കോടതി വിധിച്ചത്. തോമസ് മാത്യുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും നൽകിയ മാപ്പു സാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങിയത്.