ദില്ലി: ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുന്നതിന് ഇന്ത്യയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ മാലദ്വീപ് പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് മുയിസു പറഞ്ഞു. മാലദ്വീപ് ഇക്കണോമിക് സോണിൻ്റെ (ഇഇസെഡ്) നിയന്ത്രണം ഉറപ്പാക്കാൻ ഈ മാസം മാലദ്വീപ് 24X7 നിരീക്ഷണ സംവിധാനം സ്ഥാപിക്കാനായി രാജ്യം ശ്രമിക്കുകയാണെന്നും മുയിസു അറിയിച്ചു.
ഇന്ത്യയുമായി അകന്ന ശേഷം ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിന് സൗജന്യ സൈനിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ചൈന, മാലദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ചൈനയെ അനുകൂലിക്കുന്ന മുയിസു അധികാരമേറ്റതു മുതൽ ഇന്ത്യ-മാലദ്വീപ് ബന്ധത്തിന് ഉലച്ചിൽ നേരിട്ടിരുന്നു. 2023 നവംബറിൽ അധികാരമേറ്റതിന് പിന്നാലെ, മുയിസു സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ചൈനീസ് ചാരക്കപ്പൽ ഒരാഴ്ചയോളം മാലിക്ക് ചുറ്റും ചിലവഴിക്കുകയും ഒരു മാസത്തിലധികം മാലദ്വീപിൻ്റെ ഇക്കണോമിക് സോണിൻ്റെ പുറത്ത് ചിലവഴിക്കുകയും ചെയ്തതിന് ശേഷമാണ് മുയിസുവിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹാണ് മാലദ്വീപിൻ്റെ വെള്ളത്തിനടിയിലുള്ള സവിശേഷതകളെക്കുറിച്ച് ഹൈഡ്രോഗ്രാഫിക് സർവേ നടത്താൻ ഇന്ത്യൻ സർക്കാരുമായി കരാറിൽ ഒപ്പുവെച്ചത്.
സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാനായി ഇന്ത്യൻ സർക്കാരുമായി ഉണ്ടാക്കിയ കരാർ പുതുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചെന്നും ഈ വെള്ളത്തിനടിയിലുള്ള എല്ലാ വിശദാംശങ്ങളും ഞങ്ങളുടെ സ്വത്തും പൈതൃകവുമാണെന്നും മുയിസു പറഞ്ഞു.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറിൻ്റെ ഭാഗമായി 2021 ജനുവരിയിൽ ഇന്ത്യയുടെ ഹൈഡ്രോഗ്രാഫി ഓഫീസുമായി സഹകരിച്ച് മാലദ്വീപ് ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചിരുന്നു. മാലദ്വീപ് കടലിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം മാർച്ചിൽ ആരംഭിക്കാനും പദ്ധതിയിടുന്നു. മാലദ്വീപ് കടലിൻ്റെ വിസ്തീർണ്ണം മാലദ്വീപിൻ്റെ മുഴുവൻ ഭൂപ്രദേശത്തേക്കാൾ ഇരട്ടി വലുതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.