മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിനെതിരെ മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടെ വാറന്റ്. പ്രഗ്യയുടെ അഭിഭാഷകൻ അവർക്ക് സുഖമില്ലെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രത്യേക ജഡ്ജി എ.കെ. ലഹോത്തി ഇളവ് അപേക്ഷ തള്ളുകയും പ്രഗ്യക്കെതിരെ 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മാർച്ച് 20നകം റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എക്കും നിർദേശം നൽകി. കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കിൽ തുടർനടപടി നേരിടേണ്ടവരുമെന്ന് കോടതി രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഗ്യാ സിങ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ബി.ജെ.പി എം.പിക്കു പുറമെ ആറുപേർ യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി.