മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനോട് ഈ മാസം 25ന് ഹാജരാകാൻ മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയുടെ നിർദേശം. ആരോഗ്യ കാരണങ്ങളാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കോടതി നിർദേശം. ഹാജരായില്ലെങ്കിൽ ‘അനുയോജ്യമായ ഉത്തരവ്’ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.
ആരോഗ്യകാരണം ചൂണ്ടിക്കാട്ടി പലതവണയാണ് പ്രഗ്യാ സിങ് ഹാജരാകാതിരുന്നത്. എൻ.ഐ.എ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈമാസം എട്ടിന് ഹാജരാകുന്നതിൽനിന്ന് പ്രത്യേക ജഡ്ജി എ.കെ. ലഹോട്ടി ഇളവ് അനുവദിച്ചിരുന്നു. ഈ മാസം 20ന് മുമ്പ് ഹാജരാകണമെന്ന നിബന്ധനയിലായിരുന്നു ഇളവ്. എന്നാൽ, ഈ നിർദേശവും ബി.ജെ.പി എം.പി ചെവിക്കൊണ്ടില്ല. ഗുരുതരാവസ്ഥയിലാണെന്നും നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും പ്രഗ്യാ സിങ് ശനിയാഴ്ച കോടതിയിൽ അഭിഭാഷകൻ മുഖേന അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹരജിയിൽ പറയുന്നു.
2008 സെപ്റ്റംബർ 29നാണ് മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.