ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് വിമർശനം. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ ഇത്തരക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക ഹിന്ദു സഹപാഠികളെ കൊണ്ട് മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്ത് തല്ലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗൃഹപാഠം ചെയ്യാതിരുന്നതാണ് കുറ്റം. ഉത്തർപ്രദേശിലെ മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നുവെന്നായിരുന്നു രാഹുലിൻ്റെ വിമർശനം.
ഭാവി തലമുറകൾക്ക് എന്ത് തരം ക്ലാസ് റൂമും സമൂഹവുമാണ് നമ്മൾ നൽകാൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. എന്നാൽ ഇതത്ര വലിയ വിഷയമല്ലെന്നാണ് ആരോപണ വിധേയയായ അധ്യാപിക ത്രിപ്ത ത്യാഗിയുടെ വിശദീകരണം.