ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനിറങ്ങുന്നു. ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കമിടുന്നത്. രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിനെത്തും
അതിനിടെ എഐസിസി തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ.സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. തമിഴ്നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രതികരണം. കേരള പര്യടനം പൂർത്തിയാക്കിയെങ്കിലും കേരളത്തിലെ രണ്ടാം നിര നേതാക്കളോടും യുവാക്കളോടും വോട്ടഭ്യര്‍ഥന തുടരാനാണ് തരൂരിന്‍റെ തീരുമാനം
തമിഴ്നാട്ടിലെ പിസിസി പ്രതിനിധികളുടെ പിന്തുണ തേടി സത്യമൂർത്തി ഭവനിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ മൂന്ന് ടിഎൻസിസി ഭാരവാഹികൾ മാത്രമാണ് എത്തിയത്. നേതൃതലത്തിലെ പിന്തുണ തനിക്ക് കുറവാണെന്നത് അംഗീകരിക്കുന്നുവെന്നും പ്രവർത്തകർക്കിടയിൽ കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമെന്നും തരൂർ പറഞ്ഞു. പാർട്ടിയെ അടിമുടി പുനരുജ്ജീവിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യം. പാർട്ടിയിൽ എല്ലാ തലത്തിലും ജനാധിപത്യം വരണം. മണ്ഡലം ഭാരവാഹികളെ മുതൽ നിർവാഹക സമിതി അംഗങ്ങളെ വരെ പ്രവർത്തകർ തെരഞ്ഞെടുക്കുന്ന നില വരണം. തന്‍റെ സംസ്ഥാനമായ കേരളത്തിൽ പോലും മണ്ഡലം തല നേതാക്കൾ വരെ കാലങ്ങളായി ഭാരവാഹികളായി തുടരുന്ന നിലയുണ്ട്. ഇതെല്ലാം മാറണം.
കേരള നേതാക്കൾ മല്ലികാർജുൻ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിലെ നീരസം തരൂർ ആവർത്തിച്ചു. മനസാക്ഷി വോട്ട് ചെയ്യണമെന്ന കെ.സുധാകരന്‍റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂർ പറഞ്ഞു