ഗൂഡല്ലൂർ: തമിഴ്നാട് നീലഗിരി -വയനാട് അതിർത്തിയിലെ നെലാകോട്ടയിൽ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ചിട്ട് പിടികൂടി. കൂട്ടാളി ഓടി രക്ഷപ്പെട്ടു. പാട്ടവൽ ഭാഗത്ത് താമസിക്കുന്ന സുൽത്താൻബത്തേരി സ്വദേശി മണി എന്ന സാമ്പാർ മണിയെയാണ് (47) പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നിലമ്പൂർ പുള്ളിപ്പാടം മമ്പാട് ചെമ്പകശേരി ഹൗസിൽ ജിമ്മി ജോസഫിന് (40) വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.
നെലാകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നലാടി ഭാഗത്തെ സർക്കാർ മദ്യഷാപ്പിൽ വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. കവർച്ചക്കാർ കത്തി ഉപയോഗിച്ച് രണ്ടു പൊലീസുകാരെ വെട്ടിപ്പരിക്കേൽപിച്ചു. ഇതോടെയാണ് പൊലീസുകാർ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയത്. മണിയുടെ വലതു കാലിൻറെ തുട ഭാഗത്താണ് വെടിയേറ്റത്.
മോഷ്ടാക്കളുടെ ആക്രമണത്തിൽ കോൺസ്റ്റബിൾഗാരായ ശിഹാബുദ്ധീൻ (47), അൻപഴകൻ (34) എന്നിവർക്ക് കൈയിലും ദേഹത്തും പരിക്കേറ്റു. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.പ്രതികൾ കാറിലെത്തി മോഷണശ്രമം നടത്തുന്ന വിവരമറിഞ്ഞ് രാത്രി പെട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. മണി ഗൂഡല്ലൂർ കാളമ്പുഴയിൽ മദ്യഷാപ്പ് മോഷണം നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ഡോ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലും സംഭവസ്ഥലത്തും എത്തി പ്രാഥമിക അന്വേഷണം നടത്തി. നേരത്തെ മാവോവാദി ആക്രമണം നടന്ന ബിദർക്കാട് ഭാഗത്താണ് സംഭവം. ആദ്യം മാവോവാദി ആക്രമണമാണോ എന്ന് സംശയം ഉണ്ടായെങ്കിലും മോഷ്ടാക്കളാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് സംഘത്തിന് സമാധാനമായത്.
വർഷങ്ങൾക്ക് മുമ്പ് മാവോവാദികളുടെ സഹായത്തോടെ ബിദർക്കാട് വനംവകുപ്പ് റേഞ്ച് ഓഫീസ് ആക്രമണം നടന്നിരുന്നു. ഇതേതുടർന്നാണ് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം കുതിച്ചെത്തിയത്. റവന്യു വിഭാഗവും അന്വേഷണം തുടങ്ങി.