തൃശ്ശൂര്‍: മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. ഏപ്രിൽ പതിനെട്ടിനാണ് പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീർ സഖാഫി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ അച്ഛന്റെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ ഒരാൾ അറസ്റ്റിലായി. മറ്റു രണ്ട് പേര് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സംഭവം വെളിപ്പെടുത്തിയിട്ടും അമ്മ പരാതി നല്‍കിയില്ലെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പൊലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കൂടുതൽ പേർ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.