കൊൽക്കത്ത: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾമുഖ്യമന്ത്രി മമതാ ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയായിരുന്നു മമത. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകും. എന്നാൽ മറ്റ് പ്രാദേശിക പാർട്ടികളെ കോൺഗ്രസും പിന്തുണക്കണമെന്ന് അവർ വ്യക്തമാക്കി.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് മത്സരിക്കാം. ടി.എം.സി പിന്തുണക്കും. എന്നാൽ പ്രാദേശിക പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസ് അവർക്ക് പിന്തുണ നൽകണം.
യു.പി സമാജ്‍വാദി പാർട്ടിയുടെ ശക്തി കേന്ദ്രമാണ്. അവിടെ സീറ്റ് പങ്കുവെക്കുമ്പോൾ അവർക്ക് മുൻഗണന നൽകണം. എന്നാൽ യു.പിയിൽ കോൺഗ്രസ് മത്സരത്തിൽ നിന്ന് പുറത്താകരുതെന്നും അവർ വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിൽ ജനങ്ങളെ മമതാ ബാനർജി അഭിനന്ദിച്ചു.
നേരത്തെ, കോൺഗ്രസുമായി സഖ്യം ചേരാൻ വിമുഖത പ്രകടിപ്പിച്ചയാളായിരുന്നു മമത. മാർച്ചിൽ സഗാർദിഖി ഉപതെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചതിനു പിന്നാലെ, കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് മമത ആരോപിച്ചിരുന്നു.