കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് പുതിയ ജില്ലകൾകൂടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. സുന്ദർബൻസിനെയും ബസിർഹട്ടിനെയുമാണ് പുതിയ ജില്ലകളായി പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
‘പുതിയ ജില്ലകൾ രൂപവത്കരിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഹിംഗൽഗഞ്ചിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും’ -സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സുന്ദർബൻസിന് 13ബ്ലോക്കുകളും ബസിർഹട്ടിന് ആറ് ബ്ലോക്കുകളുമാണ് ഉണ്ടാവുക. പശ്ചിമ ബംഗാളിൽ നിലവിൽ 23 ജില്ലകളുണ്ട്. ഓരോ ജില്ലയുടെ രൂപവത്കരണത്തിനും ഏകദേശം 200കോടി രൂപ ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ.