കൊൽക്കത്ത: മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുൻ ബിജെപി നേതാവ് ബാബുൽ സുപ്രിയോ ഉൾപ്പെടെ ഒന്‍പത് പേർ പുതിയതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന പാർഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയിരുന്നു.
സ്നേഹാശിഷ് ചക്രവർത്തി, പാർഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ, തജ്മുൽ ഹുസൈൻ, സത്യജിത് ബർമാൻ എന്നിവരാണ് ബാബുൽ സുപ്രിയോയെ കൂടാതെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി ബിർബഹ ഹൻസ്ദയും ബിപ്ലബ് റോയ് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.