ചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനാവാതെ പോകുന്ന അവയില്‍ ചിലത് വലിയ പരാജയങ്ങളിലേക്ക് വീണുപോകാറുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ അത്തരത്തിലൊരു ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ തരംഗം തീര്‍ത്ത ചിത്രം ആദ്യദിന അഭിപ്രായങ്ങളില്‍ തന്നെ തിയറ്ററുകളില്‍ വീണു. ചിത്രീകരണ സമയത്ത് തിരക്കഥ പൂര്‍ത്തിയാവാതിരുന്ന ചിത്രമാണ് ഗ്യാങ്സ്റ്ററെന്ന് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷനെക്കുറിച്ചും വ്യക്തമാക്കുകയാണ് അദ്ദേഹം. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.
നേരിടേണ്ടിവന്ന ഡീഗ്രേഡിംഗ് കൊണ്ടാണോ ഗ്യാങ്സ്റ്റര്‍ പരാജയപ്പെട്ടതെന്ന ചോദ്യത്തിന് അങ്ങനെയല്ലെന്ന് പറയുന്നു സന്തോഷ് കുരുവിള. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- ”ഗ്യാങ്സ്റ്റര്‍ ഞങ്ങളുടെ കൈയില്‍ നിന്ന് വിട്ടുപോയ സിനിമയാണ്. ആ സിനിമയുടെ പ്രിവ്യൂ ചെന്നൈയില്‍ കണ്ടിട്ട് ഞാന്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. നേരെ ആന്‍റണി പെരുമ്പാവൂരിന്‍റെ വീട്ടിലേക്കാണ് ഞാന്‍ പോയത്. എങ്ങനെയുണ്ട് ചേട്ടാ സിനിമ എന്ന് പുള്ളി ചോദിച്ചു. കൈവിട്ടുപോയി, പോരാ എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയാനാവില്ല. ഒന്നാമത്തെ ദിവസം മലയാളത്തില്‍ (അന്ന്) ഏറ്റവുമധികം കളക്ഷന്‍ വന്ന സിനിമയാണ് അത്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 82- 84 ലക്ഷം രൂപ കളക്ഷന്‍ വന്ന സിനിമയാണ് അത്”, സന്തോഷ് കുരുവിള പറയുന്നു.
ചിത്രത്തിന് ഒരു രണ്ടാം ഭാഗം എടുക്കാന്‍ ആഷിക് അബുവിനുള്ള താല്‍പര്യത്തെക്കുറിച്ചും സന്തോഷ് കുരുവിള നേരത്തെ പറഞ്ഞിരുന്നു- “ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമ എടുത്താല്‍ കൊള്ളാണെന്ന് ആഷിക്കിന് താല്‍പര്യമുണ്ട്. ചിലപ്പോള്‍ അത് വരാം. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം പ്ലാന്‍ ചെയ്തതാണ്. ഗ്യാങ്സ്റ്ററില്‍ എന്തെങ്കിലും പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി ചെയ്യുക എന്ന ലക്ഷ്യവുമായി”, സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു.