കൊച്ചി: അന്തരിച്ച കെജി ജോര്‍ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തിയാണ്. ആ വഴിയില്‍ കൂടി എനിക്കും വരാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ച് ഗുരുതുല്യനായ ഒരാളാണ്. സിനിമയില്‍ അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണ്. ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു കെജി ജോര്‍ജിന്റേതെന്നും മമ്മൂട്ടി പറഞ്ഞു.
രാവിലെയാണ് മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്.
നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‌നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഒരു സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോര്‍ജാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതു തലമുറ സംവിധായകരെയും വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോര്‍ജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിലെ മലയാളത്തിന്റെ പാഠപുസ്തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും കെ ജി ജോര്‍ജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതല്‍ അടുക്കുന്നത്. അക്കൊല്ലത്തെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടന്‍ തുടങ്ങിയ സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമേ ഫിലിം ക്രിട്ടിക്‌സിന്റേതടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും യവനികയെ തേടിയെത്തി.
സിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. മണ്ണ്, ഉള്‍ക്കടല്‍, മേള, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഇരകള്‍ എന്നിങ്ങനെ ഒന്നിനൊന്ന് വേറിട്ട സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇലവങ്കോട് ദേശം എന്ന ചിത്രമാണ് അവസാനമായി ചെയ്തത്. ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെ മകളുമായ സല്‍മ ഭാര്യയും അരുണ്‍, താര എന്നിവര്‍ മക്കളുമാണ്.