ജീവിച്ചിരുന്നപ്പോൾ സ്വന്തം മരണവാർത്ത കേൾക്കേണ്ടി വന്ന താരങ്ങളിൽ ഒരാളാണ് മാമൂക്കോയ. പലപ്പോഴും ഇത്തരം വാർത്തകളോട് വളരെ രസകരമായിട്ടാണ് പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു പഴയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ മരണം കൊണ്ട് സന്തോഷം കിട്ടുന്നവർക്ക് കിട്ടട്ടെ എന്നാണ് നടൻ പറയുന്നത്. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് അങ്ങനെ പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യമാണെന്നും മാമുക്കോയ ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ.
പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. എന്നിട്ട് എന്ത് കിട്ടാനാണെന്നാണ് ഞാൻ അവരോട് ചോദിച്ചത്. ഏതെങ്കിലും കോളജില്‍ പഠിക്കുന്ന ഒരു പയ്യനെ പൊലീസ് പിടിക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവന്‍ പറയും. ‘ഒരു തമാശക്ക് ചെയ്തതാണ്, ക്ഷമിക്കണമെന്ന്. പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്? അവന്റെ ഇമേജു പോവും. അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവന്‍ തന്നെയാണോ ചെയ്തതെന്ന് തെളിവൊന്നുമില്ല. എന്തിനാണ് നമ്മള്‍ ഇതിന്റെയൊക്ക പിറകേ പോവുന്നത്- മാമുക്കോയ ചോദിക്കുന്നു.
എഴുപത് വയസായി. ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്. മരണക്കിടക്കയില്‍ ഒരുപാടു നാള്‍ കിടത്തരുതെന്ന്. ദുഃഖങ്ങള്‍ പോലും സ്വകാര്യമായി സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍- മാമൂക്കോയ ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.