തിരുവനന്തപുരം : ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച നടത്തിയ ആൾ അറസ്റ്റിൽ. വേളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി പൊളിച്ച് പണം കവർന്ന സംഭവത്തിൽ കോലിയക്കോട് പാളയംകെട്ട് ചരുവിള പുത്തൻ വീട്ടിൽ ജയനാണ് (40) പിടിയിലായത്. ചുറ്റമ്പലത്തിന്‍റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പുറത്താണ് കാണിക്കവഞ്ചികൾ വെച്ചിരിക്കുന്നത്. ഇന്നലെ പുലർച്ചെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ രണ്ട് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഭാരവാഹികൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ജയന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നതിനാൽ മോഷ്ടാവിനെ പെട്ടന്ന് തിരിച്ചറിയാനായതായി ഭാരവാഹികൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ വേളാവൂർ പെട്രാൾ പമ്പിന് സമീപത്ത് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.