തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി സ്വർണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശി സുമൻ കുമാറിനെ നാഗ്പൂരിൽ നിന്നാണ് റെയിൽ പൊലീസും- ആർപിഎഫും ചേർന്നുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുർത്ഥൻ കുമാറിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന ഉത്തരേന്ത്യക്കാരെ യാത്രക്കിടെ തന്ത്രപൂർവ്വം പരിചയപ്പെട്ടാണ് ബിസക്കറ്റ് നൽകിയാണ് ഇവര്‍ മോഷണം നടത്തുന്നത്. രണ്ടാഴ്ച മുമ്പ് മോഷണത്തിന് ഇരയായ ബിഹാർ സ്വദേശികള്‍ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴയിൽ വച്ചാണ് സംഘത്തിലുണ്ടായിരുന്ന സുർത്ഥൻ കുമാറിനെ അറസ്റ്റ് ചെയ്തത്. മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊലീസും- ആർപിഎഫും ചേർന്ന് പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തുകയായിരുന്നു.
സംഘത്തിൽ ഒരാള്‍ കൂടിയുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റെയിവേ പൊലീസ് ഇൻസ്പെക്ടര്‍ അഭിലാഷ് ഡേവിഡ് പറഞ്ഞു. നാഗ്പൂരിൽ നിന്നാണ് സുമനെ അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഇവർ ബംഗ്ലൂരിലേക്ക് കടക്കും. ഇവിടെ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോള്‍ മോഷണം നടത്താറില്ല. മടങ്ങിപോകുമ്പോഴാണ് ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടുന്നത്.