ഡൽഹി: ഡൽഹി നഗരത്തിൽ പൊലീസുകാരനെതിരെ മോഷ്ടാവിന്റെ ബ്ലേഡാക്രമണം. ബുധനാഴ്ച പതിവ് പരിശോധനക്കിടെയാണ് ഹവീൽദാർ നീരജിനെതിരെ മൊബൈൽ മോഷ്ടാവിന്റെ ആക്രമണമുണ്ടാവുന്നത്. 26കാരനായ നിഷുവാണ് പൊലീസുകാരനെ ആക്രമിച്ചത്. സമർഥമായി ആക്രമണം പ്രതിരോധിച്ച് നീരജ് പ്രതിയെ പിടികൂടുകയും ചെയ്തു.
നഗരത്തിലെ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചോടിയ നിഷുവിനെ നീരജ് പിടിച്ചു നിർത്താൻ ശ്രമിച്ചു. എന്നാൽ, ബ്ലേഡുവെച്ച് നീരജിനെ ആക്രമിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ബെൽറ്റ് കൊണ്ട് അടിച്ച് പ്രതിയെ കീഴ്പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നിഷുവിൽ നിന്നും മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ നിഷുവിനെതിരെ 10 കേസുകൾ നിലവിലുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ മൊബൈൽ ഫോൺ മോഷണം നടത്തി പശ്ചിമബംഗാൾ വഴി അത് നേപ്പാളിലേക്ക് കടത്തുന്ന സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന 2000 ഫോണുകളാണ് ഇവർ ഇത്തരത്തിൽ അനധികൃതമായി കൈമാറിയത്.