തൃശൂർ: വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പുതുക്കാട് പറപ്പൂക്കര മൂത്രത്തിക്കര കള്ളിക്കടവിൽ വീട്ടിൽ സുധിൽ (62) ആണ് പിടിയിലായത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
സമാന കേസിൽ ഇയാൾ എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയവേ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ഇയാൾക്കെതിരെ മരട്, എറണാകുളം ടൗൺ നോർത്ത്, ചേരാനെല്ലൂർ, തൃശൂർ ടൗൺ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഇതുകൂടാതെ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.