കൊച്ചി: വ്യാജ ഇന്ത്യൻ പാസ്പോർട്ട് നിർമിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ മനുഷ്യക്കടത്തിനു ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ബംഗ്ലദേശ് പൗരൻ പൊലീസ് പിടിയിൽ. ബംഗ്ലദേശ് ചിറ്റഗോഗ്കാരനായ മുഹമ്മദ് അബ്ദുൾ ഷുക്കൂർ(32) ആണ് പിടിയിലായത്. മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ വലയിലായത്.
വ്യാജരേഖ നിർമിക്കുന്ന വൻ റാക്കറ്റിനെക്കുറിച്ചുള്ള വിവരം അന്വേഷണത്തിൽ റൂറൽ എസ്പി വിവേക് കുമാറിനു ലഭിച്ചു. തുടർന്ന് ഇയാളെ പിന്തുടരുമ്പോൾ രണ്ടുപേരെ മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടു വന്നു പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കി നൽകി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാൾ ചെയ്യുന്നതെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ മാസം 27ന് നെടുമ്പാശേരിയിൽ നിന്ന് വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യൻ പൗരൻമാരെന്ന പേരിൽ വിദേശത്തേയ്ക്കു കടക്കാൻ ശ്രമിച്ച നാലു പേർ പിടിയിലായിരുന്നു. ഇവരെ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് ഇതിനു ചുക്കാൻ പിടിച്ചിരുന്ന മുഹമ്മദ് അബ്ദുൽ ഷുക്കൂർ എന്നയാളിലേക്ക് അന്വേഷണം എത്തിയത്. ഇയാളിൽ നിന്ന് വ്യാജ പാസ്പോർട്ടുകളും പാൻകാർഡുകളും ആധാർ, ബാങ്ക് രേഖകളും കണ്ടെടുത്തിട്ടുണ്ട്.എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ ശ്രമിച്ച സമീർ റോയ്, റോയ് അരു, റോയ് അനിൽകാന്ത്, നിമൈദാസ് എന്നിവരാണ് നേരത്തെ നെടുമ്പാശേരിയിൽ പിടിയിലായത്. ഇവർ രണ്ടുപേർ മധ്യപ്രദേശുകാരൻ എന്ന വ്യാജേനയും ഒരാൾ ഗുജറാത്ത് സ്വദേശിയായും മറ്റൊരാൾ ബംഗാൾ സ്വദേശി എന്ന വ്യാജേനയുമാണ് പാസ്പോർട്ട് തയാറാക്കിയത്. ഇവരിൽ ഒരാൾ വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് എടുത്തിരുന്നു എന്ന സംശയം പാസ്പോർട്ട് ഓഫിസിൽ നിന്ന് എമിഗ്രേഷനു ലഭിച്ചിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മൂന്നുപേരെയും പിടികൂടിയത്.