കൽപ്പറ്റ: കഴിഞ്ഞ രാത്രി കല്‍പ്പറ്റ പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായതിന് പിന്നാലെ മറ്റൊരു യുവാവ് കൂടി അതിമാരക മയക്കുമരുന്നുമായി വയനാട്ടില്‍ പിടിയിലായി. ബംഗളൂരു ബനങ്കാരി സ്വദേശി എച്ച്എസ് ബസവരാജ് (24) ആണ് കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
കടത്താൻ എളുപ്പമുള്ള എന്നാല്‍ അതീവ മാരകവുമായ മയക്കുമരുന്നാണ് എംഡിഎംഎ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ അളവില്‍ പോലും വലിയ തുകയാണ് ലഹരി മാഫിയകള്‍ ഈടാക്കുന്നത്. കടത്തുകാര്‍ക്ക് പ്രധാന സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ ഇടനിലക്കാര്‍ വഴിയാണ് പല ഡീലുകളും നടക്കുന്നതെന്ന് പറയുന്നു.
കടത്തിക്കൊണ്ട് വരുന്നവര്‍ പിടിക്കപ്പെട്ടാലും തുടരന്വേഷണത്തിന് താല്‍പ്പര്യപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് പ്രധാന കണ്ണികളിലേക്ക് പോലും എത്താന്‍ കഴിയാത്തത് ഈ ആസൂത്രണത്തിന്റെ ഫലമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാട്ടിക്കുളത്ത് നടന്ന പരിശോധനയില്‍ മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി ബി ബില്‍ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, ജെയ്മോന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 1.33 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കല്‍പ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
കല്‍പ്പറ്റ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ സജു, സി.പി.ഒ സഖില്‍ എന്നിവരും ഉണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പിടിച്ചെടുത്ത എംഡിഎംഎ കേസുകളിലെല്ലാം കൂടുതലും പിടിയിലായത് യുവാക്കളാണ്.