ബംഗലൂരു: പൊതുവിടത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം. മദ്യപിച്ച് ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം. ഇവിടെ സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച് യുവാവെത്തിയത്. തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയും, നമ്പര്‍ നല്‍കാൻ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രേ.
ഏറെ നേരം ഇത് കണ്ട ചുറ്റും കൂടിയവര്‍ ഒരു ഘട്ടത്തില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു. പിന്നീട് വലിയ രീതിയില്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രായമായൊരു സ്ത്രീ റോഡിലിരുന്ന് പോയ യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും വഴക്ക് പറയുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ഇവര്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന യുവാക്കളെ ഇയാളെ ചോദ്യം ചെയ്തുകൊണ്ട് മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ തന്നെ മര്‍ദ്ദിക്കുന്നവരെയൊന്നും യുവാവ് യാതൊരു രീതിയിലും പ്രതിരോധിക്കുന്നില്ല.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരത്തില്‍ പൊതുവിടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ എത്തരത്തില്‍ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. ഒരു വിഭാഗം പേര്‍ വീഡിയോയില്‍ കാണുന്നതിന് സമാനമായി ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുന്നതിനോട് യോജിക്കുമ്പോള്‍ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഏത് സാഹചര്യത്തിലും ആള്‍ക്കൂട്ട മര്‍ദ്ദനം അംഗീകരിക്കാൻ സാധിക്കില്ലെന്നും അങ്ങനെയെങ്കിലും ഇവിടെ പൊലീസിന്‍റെയോ നീതിന്യായ വ്യവസ്ഥയുടെയോ ആവശ്യമെന്തെന്നും ഇവര്‍ ചോദിക്കുന്നു. മാത്രമല്ല, ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.