ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി സന്ദേശങ്ങൾ എഴുതിയതിന് 32കാരൻ അറസ്റ്റിൽ. ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിൽ ഇയാൾ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മെട്രോ കോച്ചിനകത്തും അങ്കിത് ഗോയൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു.
ഡൽഹി പൊലീസിന്‍റെ മെട്രോ യൂണിറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ നിലവിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഗോയലിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. ഗോയൽ ഉയർന്ന വിദ്യാഭ്യാസമുള്ളയാളാണെന്നും പ്രശസ്ത ബാങ്കിൽ ജോലി ചെയ്യുന്നയാളാണെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യം എഴുതിയത് എന്നാണ് എ.എ.പിയുടെ ആരോപണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും പരാജയപ്പെടാൻ പോകുന്നത് ബി.ജെ.പിയെ തളർത്തിയെന്നും എ.എ.പി അവകാശപ്പെട്ടു.