ആന്ധ്രപ്രദേശ് : ലോഡ്ജില്‍വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി. ഫാം വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പോലീസ് അറിയിച്ചു.
ഹൈദരാബാദില്‍ ജോലിചെയ്തിരുന്ന ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാല്‍ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായി ശ്രീകാന്ത് മരണപ്പെട്ടത്. യുവാവിന് അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുന്ന ശ്രീനാഥ് അമ്മാവന്റെ മകളെയായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് വിവാഹ മോചനം തേടി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറുക എന്നതായിരുന്നു ശ്രീനാഥിന്റെ ആഗ്രഹം. ഇതിനായി സർജറി അടക്കമുള്ള കാര്യങ്ങൾക്ക് തയ്യാറെടുക്കവെയാണ് ബി.ഫാം വിദ്യാർഥികളുടെ കെണിയിൽ പെടുന്നത്.