അസാധാരണമായ ഒരു ബലാല്‍സംഗ വാര്‍ത്തയാണ് ഇപ്പോള്‍ പഞ്ചാബില്‍ ചര്‍ച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറില്‍ നാലു യുവതികള്‍ ചേര്‍ന്ന് ഒരു പുരുഷനെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികള്‍ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ്, 32-കാരനായ ജലന്ധര്‍ സ്വദേശി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
ജലന്ധറിലെ തുകല്‍ ഫാക്ടറി ജീവനക്കാരനാണ് ബലാല്‍സംഗ ആരോപണവുമായി രംഗത്തുവന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ നടന്നു പോവുന്നതിനിടെ കാറിലെത്തിയ നാലു യുവതികള്‍ കണ്ണില്‍ ഒരു സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതായാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളി യുവതികള്‍ സ്ഥലം വിടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന ഭാര്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നാണ് ഇയാള്‍ പറഞ്ഞത്.
ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്:
പഞ്ചാബിലെ ജലന്ധറില്‍ ഒരു തുകല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ് താന്‍. നാലു ദിവസം മുമ്പ് വൈകുന്നേരം ഫാക്ടറിയില്‍നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന തന്റെ അരികെ ഒരു കാര്‍ വന്നു നിര്‍ത്തി. അതിലുണ്ടായിരുന്ന യുവതികള്‍ വിലാസം എഴുതിയ ഒരു കടലാസ് തനിക്ക് തന്ന് അതിലുള്ള സ്ഥലം എവിടെയാണ് എന്നനേ്വഷിച്ചു. കടലാസ് നോക്കുന്നതിനിടെ അവരില്‍ ഒരാള്‍ തന്റെ കണ്ണില്‍ ഒരു സ്‌പ്രേ അടിച്ചു. അതോടെ കണ്ണില്‍ ഇരുട്ടു കയറിയ തന്നെ കാറിലേക്ക് വലിച്ചു കയറ്റി അവര്‍ വിദൂരമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അര്‍ദ്ധബോധാവസ്ഥയിലുള്ള തന്റെ കണ്ണുകള്‍ തുണി കൊണ്ട് കെട്ടിയ ശേഷം ഒരു വനപ്രദേശത്തേക്കാണ് കൊണ്ടുപോയത്.
ഏതാണ്ട് 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ തമ്മില്‍ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. എന്നാല്‍ തന്നോട് പഞ്ചാബിയിലാണ് അവര്‍ സംസാരിച്ചത്. കാര്‍ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയ യുവതികള്‍ മദ്യപിച്ചു. തനിക്കും വായിലേക്ക് മദ്യം ഒഴിച്ചു തന്നു. അതിനു ശേഷം തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ഓരോരുത്തരായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അതിനു ശേഷം തന്നെ കാറിലേക്ക് വലിച്ചിട്ട് തിരിച്ചു കൊണ്ടുപോവുകയും ആളൊഴിഞ്ഞ ഒരു തെരുവില്‍ തള്ളുകയുമായിരുന്നു. വീട്ടിലെത്തിയ താന്‍ ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍, വെറുതെ ഇക്കാര്യം പുറത്തുപറയേണ്ട എന്നും പൊലീസിനെ സമീപിക്കേണ്ട എന്നും അവള്‍ നിര്‍ബന്ധം പിടിച്ചു. അതിനിടെ, ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു. അയാളാണ് മാധ്യമ്രപവര്‍ത്തകരെ വിവരമറിയിച്ചത്. അങ്ങനെയാണ്, ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നും അയാള്‍ പറഞ്ഞു.
സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗഗന്‍ദീപ് സിംഗ് ഷെഖോന്‍ പറഞ്ഞതായി പഞ്ചാബി പത്രം ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.