ആലപ്പുഴ: മത്സ്യവ്യാപാരിയുടെ അപകടമരണത്തിൽ നടുങ്ങി ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമം. നാടിന്റെ പ്രിയപ്പെട്ടവനായിരുന്ന മുഹമ്മ പഞ്ചായത്തിലെ ആറാം വാർഡ് പടിഞ്ഞാറ് ചാണിവെളി വീട്ടിൽ മണിയന്റെ (60) വേർപാട് ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന മത്സ്യവ്യാപാരിയായിരുന്ന മണിയൻ പതിവുപോലെ മത്സ്യമെടുക്കാൻ തന്റെ ബൈക്കിൽ പോവുന്നതിനിടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ഇന്ന് വെളുപ്പിനെ 4.45ഓടെയാണ് ദുരന്തവാർത്ത കേട്ട് നാട് ഉണരുന്നത്. കലവൂർ ജംഗ്ഷന് തെക്കുവശമുള്ള പാർവ്വതി ഐസ് പ്ലാന്റിന് മുന്നിലായിരുന്നു അപകടം. മീനെടുക്കാനായി എത്തിയതായിരുന്നു മണിയന്‍. നിയന്ത്രണം വിട്ട തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറി, ഇൻസുലേറ്റഡ് വാഹനത്തിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇൻസുലേറ്റഡ് വാഹനം, മത്സ്യം കയറ്റി ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കാത്തുനിന്ന ബൈക്കിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു.
ആസമയത്ത് ഐസ് പ്ലാന്റിലെ ജീവനക്കാരും കുറച്ച് നാട്ടുകാരുമായിരുന്നു ദൃക്സാക്ഷികളായി ഉണ്ടായിരുത്. സംഭവങ്ങളെല്ലാം ഐസ് പ്ലാന്റിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി സംവിധാനവും തകരാറിലായി. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്ക്കരമാക്കി. ഇവർ ഓടിക്കൂടിയെങ്കിലും ബൈക്ക് പൂർണ്ണമായും ഇൻസുലേറ്റഡ‍് വാഹനത്തിന്റെ അടിയിലായതോടെ ആകെ പ്രരിഭ്രാന്തരായി.
തുടർന്ന് മണ്ണഞ്ചേരി പൊലീസിനെയും ഫയർഫോഴ്സിനെയും ഐസ് പ്ലാന്‍റിലെ ജീവനക്കാര്‍ വിവിരമറിയിച്ചു. മറിഞ്ഞ വാഹനത്തിൽ ചരക്കുകൾ മാറ്റി ക്രെയിനുപയോഗിച്ചാണ് മണിയനെ പുറത്തെടുത്തത്. പൂർണ്ണമായി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മണിയൻ. ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരുകയാണ്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.