കൊച്ചി: ആലുവ കമ്പിനിപ്പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് വന്ന കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ യാത്രക്കാരൻ തൽക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാർ റോഡിന് സമീപം നിന്നിരുന്ന ഹോട്ടൽ സുരക്ഷ ജീവനക്കാരനെയും ഇടിച്ച് തെറിപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ സുരക്ഷ ജീവനക്കാരൻ നിഹാലിനെയാണ് കാര്‍ ഇടിച്ചത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലുവയില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. ആലുവ കമ്പനിപ്പടിയിൽ ആണ് അപകടം നടന്നത്. യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ബസ് ഇടിച്ച് യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ പൂർണമായും തകർന്നു. ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുപറ്റിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്.