പെരുമ്പാവൂർ: കൊച്ചിയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു–35) മരിച്ചത്. വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കിണറ്റിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9നായിരുന്നു അപകടം നടന്നത്.
മനീഷിന്റെ ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. പതിവ് പോലെ ഭാര്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മനീഷ്. സംസാരത്തിനിടെ പെട്ടന്ന് ഫോൺ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്നു ഭാര്യ അയൽവാസികളെ വിവരം അറിയിച്ചു. പരിസരവാസികളെത്തി നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ. മകൾ: ആയില്യ.