മുംബൈ: കുടുംബത്തോടൊപ്പം ലോക്കൽ ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീക്ക് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് 28 കാരന്റെ ആക്രമണമുണ്ടായത്. പ്രതിയെ കുർള പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കമ്പനിയിൽ എച്ച്ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. ഓഗസ്റ്റ് ഏഴിന് സഹോദരനും ഭർത്താവിനും കുട്ടിക്കുമൊപ്പം ദാദറിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയും കുടുംബവും വൈകിട്ട് 6.32ന് കല്യാൺ ലോക്കൽ ട്രെയിനിൽ കയറി. ഈ സമയം ജനറൽ ട്രെയിൻ കമ്പാർട്ടുമെന്റിൽ നല്ല തിരക്കായിരുന്നു. യുവതിയുടെ ഭർത്താവും മകളും സീറ്റിലിരുന്നു. യുവതിയും സഹോദരനും നിൽക്കുകയായിരുന്നു. ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ യുവാവ് സ്ത്രീക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവും മറ്റ് സഹയാത്രികരും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്തു. ബൈക്കുള സ്വദേശിയായ എ എ അൻസാരി എന്നയാളാണ് പ്രതി. 2020 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.