സ്വന്തം പൂച്ചയെ കൊന്ന ഒരാൾക്ക് 10 മാസത്തെ തടവുശിക്ഷ. കൂടാതെ, അഞ്ച് വർഷത്തേക്ക് ഇയാൾക്ക് വളർത്തുമൃഗങ്ങളെ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ലണ്ടൻഡെറി കൗണ്ടിയിലെ സ്ട്രാത്ത്ഫോയിലിലെ ഡെറാമോർ ഡ്രൈവിലെ ആൻഡ്രൂ കോയിൽ എന്ന 25 -കാരനെയാണ് പൂച്ചയെ കൊന്നതിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരി 5 -ന് പൂച്ചയെ അനാവശ്യമായി ഉപദ്രവിച്ചു എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
കോയിലിന്റെ ഒരു ബന്ധുവാണ് ഇയാൾ പൂച്ചയെ ഉപദ്രവിച്ചു എന്ന വിവരം പൊലീസിനെ അറിയിച്ചത്. കോയിൽ ഇയാളെ വീഡിയോ കോൾ ചെയ്ത ശേഷം താൻ പൂച്ചയെ കൊന്നു എന്ന് അറിയിക്കുകയായിരുന്നുവത്രെ. തിങ്കളാഴ്‌ച ലണ്ടൻഡെറി മജിസ്‌ട്രേറ്റ് കോടതിയിൽ കേസിന്റെ വാദം കേട്ടു. അതിൽ കോയ്‌ലിയുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ പൂച്ചയുടെ ജഡം കണ്ടെടുത്തു എന്ന് പറയുന്നു.
വീട്ടിലെത്തിയ കോയിൽ അങ്ങേയറ്റം മോശമായി പെരുമാറിയെന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. കോയിലിന്റെ ഒരു അഭിഭാഷകൻ കോയിൽ അങ്ങേയറ്റം ഗൗരവമുള്ളതും ഭയപ്പെടുത്തുന്നതുമായ പെരുമാറ്റം കാണിക്കുകയും ശ്രദ്ധ ആകർഷിക്കാൻ എന്തൊക്കെയോ കാണിച്ചു കൂട്ടുകയും ചെയ്തു എന്നും ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് കോയിലിന് അഗാധമായ ലജ്ജയും പശ്ചാത്താപവും ഉണ്ടെന്നും സോളിസിറ്റർ പറഞ്ഞു. ഈ കുറ്റകൃത്യം അങ്ങേയറ്റം ഗൗരവകരമാണ് എന്ന് പറഞ്ഞ ജഡ്ജി ഇതിനെ ഭീകരവും ഭയാനകവുമായ കുറ്റകൃത്യം എന്നും വിശേഷിപ്പിച്ചു.
ഏതായാലും സംഭവത്തെ കുറിച്ച് മുഴുവൻ വാദവും കേട്ട ശേഷം ജഡ്ജി ഇയാൾക്ക് 10 മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് വർഷത്തേക്ക് ഇയാൾക്ക് പൂച്ചയടക്കം ഒരു വളർത്തു മൃഗങ്ങളെയും വളർത്താനുള്ള അനുവാദമില്ല എന്നും കോടതി അറിയിച്ചു.