മാവേലിക്കര: തട്ടാരമ്പലത്ത് വയോധികയും ഭിന്ന ശേഷിക്കാരനായ മകനും താമസിച്ചിരുന്ന വീട്ടിൽ സന്ദർശകനായി എത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയിലായി. 23 പവന്‍ മോഷണം പോയ സംഭവത്തില്‍ കണ്ണമംഗലം, മറ്റം തെക്ക്, പാവൂർ കിഴക്കതിൽ, സാജൻ വർഗ്ഗീസ് (49) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം വാഴക്കാലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ താമസിച്ചിരുന്ന വയോധിക ഭർത്താവിന്റെ മരണ ശേഷം ഭിന്ന ശേഷിക്കാരനായ മകനുമായി നാട്ടിലെത്തി തട്ടാരമ്പലത്തെ കുടുംബ വീട്ടിലായിരുന്നു താമസം. ഭിന്ന ശേഷിക്കാരനായ മകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് സാജൻ വീട്ടിലെ സന്ദർശകനായത്. വിവാഹാലോചനയുടെ പ്രലോഭനം നല്‍കി ഇയാള്‍ മകനിൽ നിന്നും ചെറിയ തുകകൾ തട്ടിയെടുത്തിരുന്നു. വീട്ടിൽ വയോധികയില്ലാത്ത നേരത്ത് 2022 ഫെബ്രുവരിയിലാണ് സ്വർണം കവർച്ച ചെയ്തത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മകനെ കൊണ്ട് പരിശോധിക്കാനെന്ന വ്യാജേന എടുപ്പിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പറിച്ച് കടന്നു കളയുകയാണ് സാജന്‍ ചെയ്തത്. ഭയന്നു പോയ മകൻ അമ്മയിൽ നിന്നും സംഭവം ഒളിച്ചു വയ്ക്കുകയായിരുന്നു. പിന്നീട് സ്വർണം മാറിയെടുക്കാൻ മാതാവ് അലമാര നോക്കിയപ്പോഴാണ് അത് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അമ്മയോടും വിദേശത്തുള്ള സഹോദരനോടും ഭിന്ന ശേഷിക്കാനായ മകൻ വിവരം വെളിപ്പെടുത്തുകയായിരുന്നു.
അതിനിടെ സാജൻ വർഗ്ഗീസ് ഒളിവിൽ പോയിരുന്നു. തുടർന്ന് വയോധികയുടെ പരാതിയിൽ കേസ് എടുത്ത ചെങ്ങന്നൂർ ഡി. വൈ. എസ്. പി. ബിനുകുമാർ, മാവേലിക്കര സി. ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസ് അന്വേഷണത്തിൽ ഇയാൾ ആദ്യം ഇടുക്കിയിലേക്കും പിന്നെ എറണാകുളത്തേക്കും കടന്നതായി ബോധ്യപ്പെട്ടു. എറണാകുളം നഗരത്തിൽ അഞ്ച് ദിവസം തുടർച്ചയായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പൊലീസ് ഇയാളുടെ താവളം കണ്ടെത്തിയത്. എറണാകുളം വാഴക്കാലയിലെ ആസംബര ഫ്ലാറ്റിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഫ്ലാറ്റിൽ നിന്നും സാജൻ വർഗ്ഗീസിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ കവർച്ച ചെയ്ത 23 പവൻ സ്വർണവും, മാവേലിക്കര നഗരത്തിലെ വിവിധ. സ്വർണ പണയ സ്ഥാപനങ്ങളിലും ഇടുക്കിയിലെ സ്ഥാപനത്തിലും പണയം വച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
പണയം വച്ച സ്വർണത്തിൽ ഭൂരിഭാഗവും എടുത്ത് വിൽപ്പന നടത്തിയിട്ടുമുണ്ട്. ലഭിച്ച പണം മുഴുവൻ ആഡംബര ജീവിതം നയിക്കുന്നതിനും ലഹരിക്കുമായും ചെലവാക്കിയതായി ഇയാൾ മൊഴി നല്‍കി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാവേലിക്കര സി. ഐ സി. ശ്രീജിത്ത്, എസ്. സി. പി. ഒ മാരായ സിനു വർഗ്ഗീസ്, ജി. ഉണ്ണികൃഷ്ണ പിള്ള, പി. കെ. റിയാസ്, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.