തിരുവനന്തപുരം: വാടക വീട്ടിൽ നിന്ന് വിൽപ്പക്കായി സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിൽ വാടകക്ക് താമസിക്കുന്ന കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറിനെയാണ് 200 കിലോ കഞ്ചാവുമായി പിടികൂടിയത്.
തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനവ്യാപകമായി നടന്നുവരുന്ന നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടന്നു വരികയാണ്. ഇതിനിടയിലാണ് തിരുവനതപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം കിഷോറിനെ പിടികൂടുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ്. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് നേരിട്ടെത്തിച്ച് രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി ഇയാൾ ഡാൻസാഫ് സംഘത്തിൻ്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.റ്റി രാസിത്ത്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് ഇൻസ്പെക്ടർ വി.സൈജുനാഥ്, സബ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, ഡാൻസാഫ് അസി. സബ് ഇൻസ്പെക്ടർ ബി. ദിലീപ്, സി.പി.ഒ മാരായ സുനിൽരാജ് , ഷിജു, വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.