ദുബൈ: പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രവാസിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ ഒരു പള്ളിയ്ക്ക് മുന്നിലായിരുന്നു കേസിന് ആധാരമായ സംഭവം. ഇവിടെ പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ തന്നെ ഒരാള്‍ മര്‍ദിച്ചതായി കാണിച്ച് ഒരു പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു.
വാഹനം നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തന്നെ യാതൊരു പ്രകോപനവുമില്ലാതെ യുവാവ് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ആരോപിച്ചു. അടുത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റി. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഒരു തടിയുമായി തിരിച്ചെത്തി അപ്രതീക്ഷിതമായി യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സ പൂര്‍ത്തിയായ ശേഷമാണ് മര്‍ദനമേറ്റയാള്‍ പരാതി നല്‍കിയത്. ഫോറന്‍സിക് ഡോക്ടറുടെ പരിശോധനയില്‍ യുവാവിന് തലയ്ക്കും താടിയെല്ലിനും കൈകള്‍ക്കും പരിക്കുണ്ടെന്ന് കണ്ടെത്തി. മര്‍ദമേറ്റതിലൂടെ വായില്‍ സ്ഥിരമായ ഒരു വൈകല്യമുണ്ടായെന്നും ഭക്ഷണം ചവയ്ക്കാന്‍ ബുദ്ധിമുട്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഏകദേശം പത്ത് ശതമാനം വൈകല്യം സംഭവിച്ചുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും വ്യക്തമാക്കി. അന്വേഷണത്തിനിടെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.