മസ്കത്ത്: ഖരീഫ്, പെരുന്നാൾ എന്നിവയുടെ മുന്നോടിയായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ സുലായം ബിൻ അലി അൽ ഹക്മാനി ദോഫാർ ഗവർണറേറ്റിൽ ഫീൽഡ് സന്ദർശനം നടത്തി.
ഉപഭോക്താക്കളുമായി ആശയവിനിമയം ശക്തിപ്പെടുത്തുക, പ്രാദേശിക സി.പി.എ പ്രവർത്തനങ്ങൾ വിലയിരുത്തുക, ഖരീഫ്, പെരുന്നാൾ സീസണിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സെൻ അൽ ഗസ്സാനിയുമായി അൽ ഹക്മാനി കൂടിക്കാഴ്ച നടത്തി. ഉപഭോക്തൃ സംരക്ഷണ കാര്യങ്ങളിൽ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി.
വിപണി നിരീക്ഷണം, ഉപഭോക്തൃ ആശങ്കകൾ പരിഹരിക്കൽ, ഖരീഫ് സീസണിൽ വിനോദസഞ്ചാരികളെ വരവേൽക്കുന്നതിനുള്ള മുന്നൊരുക്കം എന്നിവ അവലോകനം ചെയ്തു. വിജയകരമായ ഒരു ടൂറിസ്റ്റ് സീസണും നല്ല ഉപഭോക്തൃ അനുഭവവും ഉറപ്പുനൽകുന്നതിന് സേവന, ഭരണ, സാങ്കേതിക മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും അടിവരയിട്ടു പറഞ്ഞു.
സി.പി.എയുടെ ശ്രമങ്ങൾ, സേവനങ്ങൾ, മറ്റു ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുമായുള്ള സഹകരണ സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണം അൽ ഹക്മാനി അവതരിപ്പിച്ചു. മാർക്കറ്റുകളിൽ നടത്തിയ മേൽനോട്ട പ്രവർത്തനങ്ങൾ, കമ്മ്യൂനിറ്റി എൻഗേജ്മെന്റ് പ്രോഗ്രാമുകൾ, ഉപഭോക്തൃ ബോധവൽക്കരണ കാമ്പയിനുകൾ എന്നിവയെ ക്കുറിച്ചും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
വാണിജ്യ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ഹക്മാനി, സാധനങ്ങളുടെ ലഭ്യത വിലയിരുത്തുകയും ഉപഭോക്തൃ സംരക്ഷണച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സന്ദർശനം അവസാനിപ്പിച്ച് അൽ ഹക്മാനി ദോഫാർ ഗവർണറേറ്റിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷനിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. വിപണി മേൽനോട്ടത്തിലും ഉപഭോക്തൃ ബോധവൽക്കരണ സംരംഭങ്ങളിലുമുള്ള അവരുടെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.