ദില്ലി : വടക്കൻ ദില്ലിയിലെ നരേല മേഖലയിൽ എട്ടുവയസ്സുകാരിയെ അയൽവാസി കൊലപ്പെടുത്തി. കുട്ടിയുടെ സഹോദരനും പ്രതിയുമായുള്ള ബന്ധം വഷളായതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയും കുട്ടിയുടെ കുടുംബവും അടുത്തടുത്താണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയുടെ വീട്ടിൽ നിന്ന് 150 മീറ്റർ ചുറ്റളവിൽ പ്രധാന റോഡിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തതിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11.30 ഓടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ക്രോസ് വെരിഫിക്കേഷനിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ സഹോദരനുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. കുട്ടിയുടെ സഹോദരനോടുള്ള പ്രതികാരംതീർക്കാനാണ് അവളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. മൃതദേഹം കണ്ടെടുത്തതായും ക്രൈം, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.
കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതായും തലയോട്ടിയിൽ ഒടിവുകൾ സംഭവിച്ചതായും കണ്ടെത്തി. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുട്ടിയെ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഐപിസി സെക്ഷൻ 302 (കൊലപാതകം) വകുപ്പുകൂടി പൊലീസ് ചേർക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.