കൊച്ചി: എറണാകുളം ആലങ്ങാട് മധ്യ വയസ്കനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചതെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. മർദ്ദിച്ചവരെ അറിയാമെന്ന് മരിച്ച വിമലിന്‍റെ കുടുംബവും പ്രതികരിച്ചു. പ്രദേശവാസിയായ നിധിനും രണ്ട് സുഹൃത്തുക്കളുമാണ് മർദ്ദിച്ചതെന്ന് വിമലിന്‍റെ ബന്ധു സന്തോഷ് പറഞ്ഞു. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. പ്രതികൾക്കായി ആലങ്ങാട് പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമലിലെ മര്‍ദ്ദിച്ചത്. കൊല്ലംപറമ്പില്‍ വീട്ടില്‍ വിമല്‍ കുമാർ (54 ) ആണ് മരിച്ചത്. ലഹരി മാഫിയയാണ് ഇയാളെ മർദ്ദിച്ചത് എന്നാണ് ആരോപണം. നീറിക്കോട് സ്വദേശികളായ രണ്ട് പേരുമായി വിമലിന്‍റെ മകന് വാക്കുതര്‍ക്കമുണ്ടായി. ഇത് കൈയേറ്റത്തില്‍ കലാശിച്ചതോടെ പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞു വീണ വിമലിനെ ഉടന്‍ തന്നെ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ ആലങ്ങാട് പൊലീസ് ആലങ്ങാട് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അതേസമയം, പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു.